This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ക്രോമര്‍, എവലിന്‍ ബാറിങ്

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ക്രോമര്‍, എവലിന്‍ ബാറിങ്

Cromer, Evelyn Baring (1841 - 1917)

ബ്രിട്ടീഷ് രാജ്യതന്ത്രജ്ഞനും നയതന്ത്രപ്രതിനിധിയും. 1841 ഫെ. 26-ന് ജനിച്ചു. മിലിട്ടറി സ്കൂളിലായിരുന്നു വിദ്യാഭ്യാസം. 1858-ല്‍ ക്രോമര്‍ റോയല്‍ ആര്‍ട്ടിലറിയില്‍ ചേര്‍ന്നു. ഇന്ത്യയിലെ വൈസ്രോയിയായിരുന്ന നോര്‍ത്ത് ബ്രൂക് പ്രഭുവിന്റെ സെക്രട്ടറിയായി ഇദ്ദേഹം 1872-ല്‍ നിയമിതനായി. 1876-ല്‍ ബ്രിട്ടനിലേക്കു തിരിച്ചുപോയ ഇദ്ദേഹം ഏതാനും വര്‍ഷം ഈജിപ്തിലെ സാമ്പത്തികകാര്യങ്ങളുടെ നിയന്ത്രണം ഏറ്റെടുത്തു. 1880 മുതല്‍ 83 വരെ ഇന്ത്യയില്‍ വൈസ്രോയിയുടെ കൗണ്‍സിലിലെ ധനകാര്യ അംഗമായി പ്രവര്‍ത്തിച്ചു.

1883 മുതല്‍ ക്രോമര്‍ ഈജിപ്തില്‍ കോണ്‍സല്‍ ജനറലായി സേവനമനുഷ്ഠിച്ചു. ഇദ്ദേഹം ഈജിപ്തിലെ ബ്രിട്ടീഷ് നയതന്ത്രജ്ഞന്‍കൂടിയായിരുന്നു. ഈജിപ്തിലെ സാമൂഹിക, സാംസ്കാരിക, രാഷ്ട്രീയരംഗങ്ങളില്‍ പുരോഗമനപരമായ വളരെയേറെ പരിഷ്കാരങ്ങള്‍ ഇദ്ദേഹം ഏര്‍പ്പെടുത്തി. ഈജിപ്തിനെ സാമ്പത്തിക കുഴപ്പത്തില്‍നിന്നു രക്ഷിക്കുന്നതിനുവേണ്ടി ക്രോമര്‍ ഈജിപ്തില്‍ ഏര്‍പ്പെടുത്തിയ ജലസേചനസമ്പ്രദായം മറ്റെല്ലാ രാഷ്ട്രങ്ങള്‍ക്കും മാതൃകയായിരുന്നു. 1907-ല്‍ ഉദ്യോഗത്തില്‍ നിന്നു വിരമിച്ചു. 1892-ല്‍ ബാരന്‍ (Baron) സ്ഥാനവും 1897-ല്‍ വൈക്കൗണ്ട് (Viscount) പദവിയും 1901-ല്‍ ഏള്‍ (Earl) ബഹുമതിയും നല്കി ബ്രിട്ടീഷ് ഗവണ്‍മെന്റ് ഇദ്ദേഹത്തെ ആദരിച്ചു. 1917 ജനു. 29-ന് ലണ്ടനില്‍ അന്തരിച്ചു.

(ഡോ. എന്‍.കെ. ഭാസ്കരന്‍)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍